മായാതെ…

Article by Ardra P of S7LB.

ബസ്സിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് അധികം നേരമായിട്ടില്ല. പുറത്തെങ്ങും ആഘോഷമാണ്.പക്ഷേ ബസ്സിനകം നിശ്ശബ്ദമാണ്. എങ്കിലും മനസ്സ് മറ്റെവിടെയോ ആണ്. ചിന്തകളിൽ എപ്പോഴോ അവൻ കയറിവന്നു. JP, ഞങ്ങളുടെ പൂന്തോട്ടത്തിലെ ഏറ്റവും മനോഹരമായ പൂവ്. ഭംഗിയേറിയതയതുകൊണ്ടാവാം… ആരോ അത് ഇറുത്തെടുതു. അതോടെ വസന്തം ഇനി അന്യമായ പോലെ. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല, അവൻ ഞങ്ങളോടൊപ്പമില്ലെന്ന്.

കോളേജ് ഓണാഘോഷ ലഹരിയിലാണ്. മുണ്ട് മടക്കിക്കുത്തി കോളജിന്റെ വരാന്തയിലൂടെ അവൻ നടക്കുന്നത് ഞങ്ങൾക്ക് കാണാൻ കഴിയുന്നുണ്ട്. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു. എങ്കിലും അവൻ പറയാതെ പറഞ്ഞ കാര്യങ്ങളുണ്ട്. നിർഭാഗ്യമെന്നു പറയട്ടെ, അവനെ കൂടുതലറിയാൻ ചിലർക്കെങ്കിലും അവന്റെ മരണം വരെ കാത്തിരിക്കേണ്ടിവന്നു.അവനെപറ്റിയോർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് അവന്റെ അമ്മയുടെ വാക്കുകളാണ്. അമ്മയെ ഇത്രധികം സ്നേഹിച്ച ഒരു മകൻ. ഒറ്റവാക്യത്തിൽ അതായിരുന്നു അവൻ.ഓർമകളിൽ ഒരിക്കലും അവന്റെ തണുത്തുറഞ്ഞ നിശ്ചലമായ മുഖം കടന്നുവരാറില്ല. കുസൃതി നിറഞ്ഞ കണ്ണുകളും നുണക്കുഴി ചിരിയുമുള്ള അവന്റെ മുഖമാണ് ഞങ്ങളുടെ മനസ്സ് നിറയെ. കണ്ണിൽ നിന്നും ഓർമകൾ കവിളിൽ തട്ടി താഴേയ്ക്ക് വീണു.

IMG20170831143550

ബസ്സ് നിർത്തിയിട്ടിരിക്കുകയാണ്. ഞങ്ങൾ ഓരോരുത്തരായി ഇറങ്ങി. ക്ലാസ്സിലെ എല്ലാരുമുണ്ട്. ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടവരുടെ കൂടെ ഇത്തവണ ഓണം ആഘോഷിക്കണം എന്നത് എല്ലാവരുടയും തീരുമാനമായിരുന്നു.പ്രതീക്ഷ ഭവൻ. അതായിരുന്നു പേര്. മനോദൗർബല്യമുള്ള ചില സാധുക്കളുടെ പ്രതീക്ഷയുടെ ഭവനം. അവിടെ ഞങ്ങളെ കാത്ത് നിഷ്കളങ്കമായ പുഞ്ചിരിയോടെ അവരുണ്ടായിരുന്നു. കാലത്തിന്റെ വേഗവും മാറ്റവും തിരിച്ചറിയാൻ കഴിയാത്ത ഒരുപറ്റം ആളുകൾ. എന്നാൽ അവർ ഞങ്ങളെക്കാളേറെ സന്തുഷ്ടരായിരുന്നു. അവർക്ക് നാളെയുടെ ആകുലതകളില്ല. അവർ ഇന്നിന്റെ സന്തോഷത്തിൽ ജീവിക്കുന്നു.ഒന്നിച്ചിരുന്നു പൂക്കളമിട്ടു,ഓണമുണ്ടു.ആടിയും പാടിയും അവരോടൊപ്പം ഏറെ നേരം ചിലവഴിച്ചു.അവരിൽ നിന്നും ഞങ്ങൾ പഠിച്ച ചില കാര്യങ്ങളുണ്ട്, ഒരു സർവ്വകലാശാലയക്കും പറഞ്ഞുതരാനാവാത്ത ജീവിതത്തിന്റെ പച്ചയായ പാഠങ്ങൾ. ജെ പിക്കുവേണ്ടി എഴുതിയ ഒരു പാട്ട് അവന്റെ ചില നല്ല ഓർമകൾ കോർത്തിണക്കി ഒരു ആൽബം പോലെ അവരുടെ മുന്നിൽ അവതരിപ്പിച്ചു. ഞങ്ങളുടെ നനഞ്ഞ കണ്ണികൾ കണ്ടിട്ടവാം, അവരിൽ പലരും കരഞ്ഞു. തിരികെയുള്ള യാത്രക്കിടയിൽ ബസ്സിനകത്തുനിന്നും ജെ. പിയെക്കുറിച്ചെഴുതിയ ആ പാട്ടു കേൾക്കാം.ഓർമകളിൽ അല്പം നനവോടെ അവൻ പിന്നെയും കടന്നുവന്നു.

IMG20170831143131

പ്രിയ സുഹൃത്തേ… ആഴങ്ങളിലേക്ക് നീ മാഞ്ഞുപോയെങ്കിലും ഞങ്ങളുടെ മനസ്സിലെ മായാത്ത രൂപത്തിന് നിന്റെ മുഖമാണ്……. നിന്റെ നിശബ്ദതയാണ്……..

ഇത് ഞങ്ങളുടെ ഓർമകൾ അടങ്ങിയ ഒരു വീഡിയോ ആണ്. JP ക് വേണ്ടി ഞങൾ ഇത് സമർപ്പിക്കുന്നു.

https://m.facebook.com/story.php?story_fbid=820034371498372&id=100004754493513

Leave a Reply