മലയാളം സീര്യൽ ഇൻഡസ്ട്രി

ഒരു മലയാളം ടെലിസീരിയൽ കണ്ടിട്ട്‌ ഏതാണ്ട്‌ 4 വർഷം ആയിരുന്നു… ഇപ്പൊ ബിടെക്ക്‌ എല്ലാം കഴിഞ്ഞ്‌ വീട്ടിൽ ഇരിക്കുമ്പോ ഒരിക്കൽക്കൂടി കാണാൻ ഉള്ള അവസരം കിട്ടി. സീര്യൽ ഇൻഡസ്ട്രി ആകെ മാറിപ്പോയി. വൻ ഡെവലെപ്മെന്റാണ്‌…

1. സീര്യലിലെ സ്ത്രീകൾ എല്ലാം വീട്ടിൽ മുഴുവൻ സമയവും ചുരുങ്ങിയത്‌ ഒരു പത്തു പന്ത്രണ്ട്‌ പവൻ ആഭരണം എങ്കിലും ധരിച്ചാണ്‌… നടക്കുന്നത്‌. പുരുഷന്മാരും മോശമല്ല. കേരളത്തിൽ സാധാരണ രീതിയിൽ ആളുകൾ വീട്ടിൽ ധരിക്കാറുള്ള ലുങ്കി,മാക്സി തുടങ്ങിയ വസ്ത്രങ്ങൾ പോലും ഇപ്പൊ സീര്യൽ കണ്ണീർ നായികമാർ ധരിക്കാറില്ല. അറ്റ്‌ലീസ്റ്റ്‌ ഒരു പട്ടുസാരിയും രണ്ടു ലെയർ പൗഡറും അതിന്റെ മോളിൽ ലിപ്സ്റ്റിക്കും നിർബന്ധം.

2. പിന്നെ എല്ലാർക്കും അറിയുന്ന പോലെ എല്ലാ മെഗാസീര്യലും ഒരു അവിഹിത ഗർഭത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ മുന്നോട്ട്‌ പോകുന്നത്‌. ഈ ഗർഭത്തിന്റെ കാലാവധി 3 മാസം മുതൽ 3 വർഷം വരെ നീണ്ടേക്കാം.

3.ഒരേ വീട്ടിലെ കഥാപാത്രങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ പോലും ഒരു രാമായണ കഥയിലെ സംഭാഷണം പോലെ നാടകീയമായിരിക്കും അത്‌. ഉദാഹരണത്തിന്‌ അമ്മ മകളോട്‌ പറയുകയാണ്‌ : ” മകളേ,നിന്റെ മനസ്സ്‌ ഇപ്പോൾ ക്ഷോഭസ്ഥുലിതമായിരിക്കുകയാണ്‌, നിന്റെ ആനന്ദത്തിനു വേണ്ടിയാണ്‌ ഞങ്ങളുടെ ഹൃദയത്തിന്റെ ഓരോ വികാസവും സ്ഫുരണവും എന്ന ദ്വന്ദ യാഥാർത്ഥ്യം നീ ഉൾക്കൊള്ളില്ലേ…”

സിവനേ, എന്റെ അമ്മ വീട്ടി വെച്ച്‌ ഇമ്മാതിരി ഡയലോഗ്‌ ഒക്കെ എന്നോട്‌ പറഞ്ഞാൽ ഉള്ള ഒരു അവസ്ഥ 

4.രണ്ടു തരം തീം മ്യൂസിക്കുകൾ മാത്രം കമ്പോസ്‌ ചെയ്തു കഴിഞ്ഞാൽ ഒരു മെഗാസീരിയൽ മ്യൂസിക്‌ കമ്പോസറുടെ ജോലി തീർന്നു.
ഒന്നു ചതിയുടെയും രണ്ട്‌ സങ്കടത്തിന്റേയും. ഇത്‌ രണ്ടും ഇടക്കിടെ മാറി മാറി ബാക്ക്‌ഗ്രൗണ്ടിൽ കുത്തിക്കയറ്റിയാൽ മതി.

5. മഞ്ച്‌ സ്റ്റാർ സിംഗറിൽ പാട്ടുപാടിക്കൊണ്ടിരുന്ന കൊച്ചുപിള്ളേർ എല്ലാം ഇപ്പൊ ഏഷ്യാനെറ്റിന്റെ ലീഡിംഗ്‌ മെഗാസീരിയൽ ആക്റ്റേഴ്സ്‌ ആണ്‌. അപ്പൊ ഇതിനാണ്‌ ഇവമ്മാര്‌ സ്റ്റാർ സിംഗർ നടത്തുന്നത്‌. തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കുന്നു… നല്ല രസമുണ്ട്‌ കാണാൻ.

6.എല്ലാത്തിനും പുറമേ ഹിന്ദിയിൽ നിന്നും തമിഴിൽ നിന്നും ഡബ്‌ ചെയ്ത്‌ വരുന്ന കൊറേ ഐറ്റംസ്‌ ഉണ്ട്‌. അതേപറ്റി ഒന്നും പറയാൻ ഞാൻ ആളല്ല… ___/\___

Leave a Reply