My Ragging Experiences

Ragging Anubhavangal : ആദ്യ റാഗിംഗ്

(by Anandu M Das, 2010-14 ECE originally posted in his blog http://thalathirinjavans.blogspot.in/2014/02/4.html)

ആദ്യ ദിവസം ക്ലാസില്‍ പറയത്തക്കതായ സംഭവങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. സാധാരണമായ പരിചയപ്പെടലുകളും മറ്റുമായി ആ ദിവസം അങ്ങനെ പോയി. കോളേജ് മുഴുവനായി ഒന്ന് കാണാന്‍ പോലും ആദ്യ ദിവസം സാധിച്ചിരുന്നില്ല. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ അറിയില്ല. അങ്ങനെ അന്ന് ക്ലാസ് കഴിഞ്ഞ് ഞങ്ങള്‍ കോളേജ് ജംഗ്ഷനിലേക്ക് വച്ചു പിടിച്ചു. ഞങ്ങള്‍ എന്ന് വച്ചാല്‍ ഞാന്‍ ജെഫിനും. റൂം മേറ്റ്‌ ആയ അവനെ മാത്രമേ അപ്പൊ കാര്യമായി പരിചയം ഉള്ളു. “കോളേജ് ജംഗ്ഷന്‍” കോളേജില്‍ നിന്നും ഇത്തിരി താഴേക്ക് ഇറങ്ങിയിട്ടാണ്. കോളേജ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഒരു കാപ്പി കുടിച്ചിട്ട് ഹോസ്റ്റലില്‍ കയറാം എന്ന് കരുതി അടുത്തുള്ള ഒരു കൂള്‍ബാര്‍ കം ബെയ്ക്കറി കം ചായക്കടയില്‍ കയറി. അതായിരുന്നു കോളേജ് ജംഗ്ഷനിലെ പ്രശസ്തമായ “തറവാട്” റെസ്റ്റോറന്‍റ്!!

ഇതാണ്സുപ്രസിദ്ധമായ കോളേജ് ജംഗ്ഷന്‍

ഞങ്ങള്‍ കയറിച്ചെന്ന പാടെ ഓരോ  കാപ്പിയും കട്ട്‌ലെറ്റും ഓര്‍ഡര്‍ ചെയ്തു. അപ്പൊതൊട്ടപ്പുറത്ത് നിന്നു സിഗരറ്റ് വാങ്ങിക്കുന്ന ഒരു ചേട്ടന്‍ ചോദിച്ചു

“നിങ്ങള്‍ MA ആണോ?”

ഞങ്ങള്‍ അതേ എന്ന് മറുപടി പറഞ്ഞു. അപ്പോള്‍ അടുത്ത ചോദ്യം.

“ഫസ്റ്റ് ഇയര്‍ ആണോ?”

വീണ്ടും മറുപടി “അതേ…” പക്ഷെ ജെഫിന്‍ അതിന്‍റെ കൂടെ ഒന്നൂടെ ചേര്‍ത്തു “ചേട്ടനും  MA ആണോ?”

പുള്ളി സിഗരറ്റ് ഒരു പുക വിട്ടിട്ട് ഒന്നിരുത്തി മൂളി.

“ഊം.. അതേ അതേ..”

അപ്പൊ ജെഫിന്‍റെ നിഷ്കളങ്കമായ അടുത്ത ചോദ്യം.

“എന്താ പേര് ചേട്ടാ…?”

അവിടെ പണി പാളി.

കാരണം കേരളത്തിലെ ഒറ്റ എഞ്ചിനീയറിംഗ് പഠിക്കുന്ന ചേട്ടന്മാര്‍ക്കും അനിയന്മാര്‍ അവരോട് പേര് ചോദിക്കുന്നത് ഇഷ്ടമല്ല. അതെന്ത് കൊണ്ടാ എന്നൊന്നും ചോദിക്കാന്‍ പാടില്ല. അതങ്ങനെയാണ്!! ഈ ചോദ്യം കേട്ടപാടെ പുള്ളി ഞങ്ങളെ തറപ്പിച്ചൊന്നു നോക്കി… എന്നിട്ട് ആ ക്ലീഷേ ചോദ്യം ഉരുവിട്ടു…

“സീനിയെഴ്സിന്‍റെ പേര് ചോദിക്കാന്‍ മാത്രമൊക്കെ ആയോ നീ?”

പണി കിട്ടി എന്ന് അപ്പഴേ ഞങ്ങക്ക് മനസ്സിലായുള്ളൂ. പുള്ളി “വാ.. ചോദിക്കട്ടെ..” എന്നും പറഞ്ഞോണ്ട് ഞങ്ങളെ കൂട്ടി അകത്തെ ഒരു ടേബിളില്‍ വന്നിരുന്നു. ഞങ്ങള്‍ നിശബ്ദരായി ഇരുന്നതേ ഉള്ളു. വളരെ നല്ല ഒരു മനുഷ്യന്‍! പുള്ളി കോളേജിനെ പറ്റിയും നാടിനെ പറ്റിയും ഒക്കെ കുറെ ചോദിച്ചു. പ്രതീക്ഷിച്ച പോലെ അനര്‍ത്ഥങ്ങള്‍ ഒന്നും ഇല്ലാതെ ആ സംഭാഷണം അവിടെ തീര്‍ന്നു.  പുള്ളി ബൈ പറഞ്ഞു പോയി. ഞങ്ങള്‍ അപ്പോള്‍ പതിനഞ്ചു മിനിറ്റായി മുന്നില്‍ കിടക്കുന്ന കട്ട്‌ലെറ്റില്‍ ആദ്യത്തെ കടി കടിച്ചു. ആദ്യമായി പരിചയപ്പെട്ട സീനിയറെ രണ്ടു പേര്‍ക്കും ഇശ്ശി ബോധിച്ചു!!

            അങ്ങനെ കടയില്‍ കാശ് കൊടുത്ത് ഞങ്ങള്‍ റൂമിലേക്ക് കയറി… റൂമില്‍ സാധനങ്ങള്‍ ഒക്കെ ഒന്ന് ഓര്‍ഡര്‍ ആക്കി വെക്കുമ്പോള്‍ കതകില്‍ നിന്നുള്ള  വെളിച്ചം മറച്ചു കൊണ്ട് ഒരു നിഴല്‍ റൂമില്‍ പടര്‍ന്നു. ഞാന്‍ പതിയെകിടക്കയില്‍ നിന്നു തല പൊക്കി നോക്കി… കണ്ടാല്‍ വല്ല്യ ഭീകരത ഒന്നും തോന്നില്ലേലും സീനിയര്‍ എന്ന് തോന്നിക്കുന്ന ഒരു മനുഷ്യന്‍!! ശരത് ശശി!!

“ഡാ.. നിങ്ങള് രണ്ടു പേരും എമ്മേ ഫസ്റ്റ് ഇയേഴ്സ് അല്ലെ?? “

“അതേ ചേട്ടാ ”  ഭാഗ്യം ഇത്തവണ ജെഫിന്‍ പേര് ചോദിച്ചില്ല!

“ആ… രണ്ടു പേരും ഒന്ന് പുറത്തേക്ക് ഇറങ്ങിയാട്ടെ… ഒന്ന് പരിചയപ്പെടണം”

ഞങ്ങള്‍ പുറത്തിറങ്ങി നോക്കിയപ്പോ  അടുത്തുള്ള എല്ലാ റൂമിലേം ഫസ്റ്റ് ഇയേഴ്സ് അവിടെ അസ്സംബ്ലി വിളിച്ച പോലെ വരാന്തയില്‍ നിരന്നു നിക്കുന്നുണ്ട്. ഏതാണ്ട് ത്രീ ഇടിയറ്റ്സിലെ സീന്‍. ഷര്‍ട്ട് ഉണ്ടെന്നെ ഉള്ളു.എല്ലാരേം ഒരുമിച്ചു കണ്ടതില്‍ വല്ല്യ സന്തോഷം.

         “നീ താഴത്തെ നിലയില്‍ പോയി അവിടെ ഉള്ള എല്ലാ അവന്മാരെയും വിളിച്ചോണ്ട് വാടാ…”

              ശരത്തേട്ടന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഒരുവനോട് ഉറക്കെ പറഞ്ഞു. അവന്‍ കേട്ട പാതി കേള്‍ക്കാത്ത പാതി വല്ലാത്തൊരു ആവേശത്തോടെ താഴത്തെ നിലയിലേക്ക് ഓടി. വംശസ്നേഹം ഇല്ലാത്ത ജാഡതെണ്ടി!

             സീനിയേഴ്സ് ഒരു മൂന്നു പേര്‍ ഉണ്ടായിരുന്നു. ആരൊക്കെ ആയിരുന്നെന്ന് ഇപ്പൊ ഓര്‍ക്കുന്നില്ല. അവര്‍ ഓരോരുത്തരെ ആയി പരിചയപ്പെട്ടു വരികയാണ്. പേരും സ്ഥലവും ക്ലാസും പറഞ്ഞ ശേഷം എന്തേലും ഒരു ആക്റ്റിവിറ്റി കാണിക്കണം. അതാണ്‌ റൂള്‍. പാട്ടോ മിമിക്ക്രിയോ.. അങ്ങനെ എന്തേലും. ഇല്ലെങ്കില്‍ ആക്റ്റിവിറ്റി അവര്‍ തരും. മിക്കവാറും പേര്‍ പാട്ട് തന്നെയാണ്. ജീവിതത്തില്‍ ഇന്നേ വരെ ബാത്ത്റൂമില്‍ വരെ ഒരു പാട്ട് മൂളിയിട്ടില്ലാത്തവന്‍ ഒക്കെ പാട്ട് പാടുന്നത് കേള്‍ക്കുമ്പോ കേട്ട് നില്‍ക്കുന്നവന്‍ ആരായാലും ചിരിച്ച് പോവും. അങ്ങനെ ഒരുത്തന്‍ അറിയാതെ ഒന്ന് ചിരിച്ചു പോയി…. ബാക്കി എല്ലാരും അവനെ നോക്കി. ശരത്തേട്ടന്‍ അവന്‍റെ മുന്നില്‍ ചെന്ന് ചോദിച്ചു.

റാഗിംഗിന്‍റെ സമയത്ത് ഫോട്ടം പിടിക്കാന്‍ പറ്റാത്തോണ്ട്  ഗൂഗിളില്‍ നിന്ന് എടുത്തിട്ട പടം

          “നിനക്ക് ചിരി വരുന്നുണ്ടോടാ ***** (ബീപ്) ?  ഡാ ഡ്രങ്കാ… ഇവന് ചിരി വരുന്നുണ്ടെന്ന്.. ഇവനെ ഒന്ന് ചിരിപ്പിച്ചു കൊടുത്തേ …”

ഡ്രങ്കന്‍!!! ആ പേര് കേട്ടപ്പോ തന്നെ എല്ലാരും ശരത്തേട്ടന്‍ നോക്കിക്കൊണ്ടിരുന്ന ഭാഗത്തേക്ക് നോക്കി… ആ ഭാഗത്തെ ഏതോ ഒരു റൂമില്‍ നിന്നു നല്ല ബാസ് ഉള്ള ഒരു ശബ്ദം മാത്രം പുറത്തു വന്നു..

“ആര്‍ക്കാടാ??”

“ധാ ഇവന് നീ ഇങ്ങു വാ…”

ആ റൂമില്‍ നിന്നും മുടി പറ്റെ വെട്ടിയ നിറയെ താടിയും മീശയും ഉള്ള ഗ്ലാമറിന് ഒട്ടും കുറവില്ലാത്ത ( സോപ്പിടാന്‍ എഴുതുന്നത് )  ഭീമാകാരമായ ഒരു രൂപം പുറത്തേക് അന്‍വര്‍ സ്റ്റൈലില്‍ നടന്നു വന്നു…! അതേ… ഡാര്‍വിന്‍!!

“ആര്‍ക്കാടാ ഇവിടെ ചിരിക്കേണ്ടത്.. നിനക്കാണോടാ? അതോ നിനക്കോ….?”

പുള്ളി അവിടെ വന്ന്അവനെ ആകെ ഒന്ന് തുറിച്ചു നോക്കി..ശേഷം സീനിയേഴ്സിനെ കാണുമ്പോ ചെയ്യേണ്ട കുറച്ച് നിയമങ്ങള്‍ ഒക്കെ പഠിപ്പിച്ചു തന്നു. ഒന്നാം വര്‍ഷം തീരുവോളം മിക്കവരും ആ റൂള്‍സ് എല്ലാം കൃത്യമായി പാലിച്ചു പോന്നിരുന്നു. ആ റൂള്‍സ് ചുവടെ പറയും പ്രകാരമാണ്!

  1. സീനിയേഴ്സ് ആരെങ്കിലും റൂമിലേക്ക് കയറി വന്നാല്‍ അപ്പൊ എണീറ്റ്‌ നിന്നു ബഹുമാനിച്ചോണം

  1. സീനിയേഴ്സിനോട് പേരോ ബ്രാഞ്ചോ വീടോ ചോദിക്കാന്‍ പാടില്ല.

  1. സീനിയേഴ്സ് ബ്രാഞ്ച് ഏതാണെന്ന് ചോദിച്ചാല്‍ ബ്രാഞ്ചിന്‍റെ പേര് മുഴുവനായും പറയണം! അല്ലാതെ ഒരു മാതിരി മെക്ക്,ട്രിപ്പ്ളി,ഈസി  എന്നൊക്കെ പറഞ്ഞാല്‍ പണി വാങ്ങിക്കും.

  1. സീനിയേഴ്സ് എന്ത് പറഞ്ഞാലും അനുസരിച്ചോണം,എതിര്‍ക്കാന്‍ പാടില്ല. പ്രത്യേകിച്ച് ചിരിക്കാന്‍ പാടില്ല.

  1. സീനിയെഴ്സിന്‍റെ അനുവാദമില്ലാതെ സിനിമ കാണാന്‍ പോകാന്‍ പാടില്ല

  1. ഫോണില്‍ ക്ലാസിലെ പോലും പെണ്‍കുട്ടികളോട് ചാറ്റ് ചെയ്യാന്‍ പാടില്ല.

  1. ഫസ്റ്റ് ഇയര്‍ കഴിയുന്ന വരെ താടി,മുടി,മീശ ഇത്യാദികള്‍ ഒന്നും വളര്‍ത്താനോ അതില്‍ മോടി പിടിപ്പിക്കാനോ പാടില്ല!

  1. സീനിയെഴ്സിന്‍റെ റെക്കോര്‍ഡുകളും അസൈന്‍മെന്‍റുകളും ജൂനിയേഴ്സിന് മാത്രം അവകാശപ്പെട്ടതാണ്.അത് എഴുതേണ്ടത് അവരുടെ കര്‍ത്തവ്യം ആയി കരുതിയാല്‍ മതി.

  1. മദ്യപാനം പാടില്ല. അഥവാ ചെയ്യുന്നെങ്കില്‍ സീനിയേഴ്സിനെ മുഴുവന്‍ വിളിച്ചെ അത് ചെയ്യാവൂ.

              കേരളത്തിലെ മിക്കവാറും എല്ലാ എഞ്ചിനീയറിംഗ് കോളേജുകളും ഈ നിയമങ്ങള്‍ തന്നെ പാലിച്ചാണ് മുന്നോട്ട് പോവുന്നത് എന്ന് തോന്നുന്നു. ഏതായാലും വലിയ അക്രമങ്ങള്‍ ഒന്നും ഇല്ലാതെ  കുറച്ച് ഉപദേശങ്ങള്‍ മാത്രം തന്ന് ആ യോഗം അവിടെ പിരിഞ്ഞു. അപ്പോള്‍ മുതലാണ്‌ ഹോസ്റ്റലിലെ എല്ലാരും പരസ്പരം ആദ്യമായി പരിചയപ്പെടുന്നത് തന്നെ.

              അന്ന് രാത്രി ഹോസ്റ്റലില്‍ എന്തൊക്കെ ആയിരുന്നു… കൊട്ടും കുരവയും കുമ്മിയടിയും. നമ്മള്‍ പത്രങ്ങളിലൊക്കെ വായിക്കാറില്ലേ പതിനൊന്നു വയസ്സുള്ള മുസ്ലീം ബാലിക 71 വയസ്സുള്ള ഒരു വാരസ്സ്യാരായി പെരുമാറുന്നു,സംസാരിക്കുന്നു,സംസ്കൃത ശ്ലോകം ചൊല്ലുന്നു എന്നൊക്കെ. അതുപോലെ… പലരും പല തരം കളികള്‍. കുറെ പേര്‍ പന്ത് ഇല്ലാതെ ബാസ്ക്കറ്റ് ബോള്‍ കളിക്കുന്നു,ടെന്നീസ് കളിക്കുന്നു,ഫുട്ബാള്‍ കളിക്കുന്നു… ഇല്ലാത്ത ബൈക്കില്‍ കയറി കിക്കര്‍ അടിച്ച് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് വയനാട് ചുരം കയറ്റുന്നു… ഇല്ലാത്ത തളപ്പിട്ട്‌ ഇല്ലാത്ത തെങ്ങില്‍ കയറുന്നു…ദോശ ചുടാന്‍ ഒരു ടീം.. അത് തിന്നാന്‍ വേറെ ടീം… അങ്ങനെ അങ്ങനെ!  അതിന്‍റെ കൂടെ മെക്ക് സല്യൂട്ട് എന്ന് പറഞ്ഞ ഒരു ചെറിയ ശിക്ഷാ രീതി കൂടി ഉണ്ട്. പക്ഷെ എന്‍റെ ബ്ലോഗ്‌ “A” സാപ്രിട്ടിക്കറ്റ് ഇല്ലാത്ത ബ്ലോഗ്‌ ആയതോണ്ട് അയിനെ പറ്റി ഇവിടെ എഴുതുന്നില്ല. ആമ്പിള്ളാര്‍ക്ക് അറിയുമായിരിക്കും. പെമ്പിള്ളാര്‍ തല്‍ക്കാലം അറിയണ്ട!

 

PS: You can mail your articles or similar experiences to [email protected] We will make the post anonymous if you want.

Leave a Reply