2013 മലയാളം സിനിമ ഒരു ഒന്നൊന്നര അവലോകനം

2013 മലയാളം സിനിമ ഒരു ഒന്നൊന്നര അവലോകനം

(by Anandu M Das, ECE- 2010-14 from his blog http://thalathirinjavans.blogspot.in/2013/12/2013.html)

                  ധാ… ധിപ്പോ ഈ പോസ്റ്റ്‌ എഴുതുന്ന വരെ ഏതാണ്ട് നൂറ്റി അറുപതോളം മലയാള സിനിമകള്‍ തിയേറ്റര്‍ വഴിയും വ്യാജ സീഡി വഴിയും മൊബൈല്‍ 3GP ആയും ഒക്കെ റിലീസ് ആയിട്ടുണ്ടെന്നാണ് വിക്കി അപ്പൂപ്പന്‍ പറയുന്നത്. അതിനകത്ത് ഞാന്‍ കണ്ടതും കാണപ്പെട്ടതും ആയ കുറച്ച് സിനിമകളെ പറ്റി ഒരു ചെറ്യേ അവലോകനം ആണ് ഉദ്ദേശിക്കുന്നത്.

 1. അന്നയും റസൂലും

                        നല്ല തുടക്കം ആയിരുന്നു 2013. റിയലിസ്ടിക്  ആയ ഒരു പ്രണയ കാവ്യം. പ്രണയം എന്നാല്‍ ഉമ്മ കൊടുക്കലും പാര്‍ക്കില്‍ പോവലും സിനിമ കാണലും പിന്നെ ഒളിച്ചോട്ടവും മാത്രം അല്ലെന്ന് കാട്ടി തന്ന ആദ്യ മലയാളം പടം എന്നൊക്കെ വേണേല്‍ പറയാം. പദ്മരാജന്‍ ഫാന്‍സ്‌ ഒരു കയ്യകലം മാറി നിക്കണം. തൂവാനത്തുമ്പി വേ ഇത് റെ….

2.നീ കോ ഞാ ചാ

                        ഇത് ന്യൂ ജെനറേഷന്‍  അതോണ്ട് ഞാനും ന്യൂ ജെനറേഷന്‍ സില്‍മ ഇറക്കിയില്ലേല്‍ അമ്മ വഴക്ക് പറയും എന്ന് സംവിധായകന് പേടി ആയിട്ട് ഇറക്കിയ സില്‍മ ആണ്. വൈകുന്നേരം ചായ കുടിക്കുമ്പോ ഒക്കെ ഇരുന്നു കാണാം എന്ന് കരുതി പ്ലേ ചെയ്താലും ചെലപ്പോ കാണാന്‍ സാധിക്കില്ല.  ഡി ഡി ന്യൂസ് വെച്ച് ചായ കുടിക്കുന്നതാവും ഭേദം.

3.റോമന്‍സ്

                       ദിലീപ് ചളികള്‍ മാത്രം കേട്ട് തഴക്കം വന്ന് പോയ മലയാളി ആയതുകൊണ്ടാവാം ഈ സിനിമ ഇറങ്ങിയപ്പോ നല്ല റെസ്പോന്‍സ്‌ കിട്ടിയത്. വല്ല്യ സംഭവം സിനിമ ഒന്നും അല്ല. എന്നാലും കുഞ്ചാക്കോ ബോബനും ബിജു മേനോനും മോശമാക്കാതെ ചിരിപ്പിച്ച് ഇരുത്താന്‍ ഉള്ളതൊക്കെ ഉണ്ടാക്കി.

4.ഡ്രാക്കുള 2012

                       ആദ്യമായി ആണ് സമ്പൂര്‍ണമായും മൈക്രോസോഫ്റ്റ് പവര്‍പോയിന്‍റില്‍ അനിമേഷന്‍ ചെയ്ത ഒരു സിനിമ കാണാന്‍ സാധിച്ചത്. ഡ്രാക്കുള നല്ല കൊമേഡിയന്‍ ആണ്. വിഷമം വരുമ്പോ ഒക്കെ ഇരുന്നു ചിരിക്കാന്‍ വേണ്ടി ഈ സിനിമ ഇപ്പോഴും ലാപ്പില്‍ വെച്ചിട്ടുണ്ട്.

കാമുകിയുടെ കൂടെ ഷോപ്പിംഗിന് ഇറങ്ങിയ ഡ്രാക്കുള

5.നത്തോലി ഒരു ചെറിയ മീനല്ല

                     എനിക്കിഷ്ടപ്പെട്ടു. സാമ്പ്രദായിക സിനിമാ ചട്ടക്കൂടുകളെ പൊളിച്ചടിച്ച ഒരു സിനിമ ആയി തോന്നി. ഇന്ന രീതിയില്‍ മാത്രേ സിനിമ പിടിക്കാവൂ എന്നൊന്നും നിയമം  ഇല്ലല്ലോ. V K പ്രകാശിന്‍റെ ഇഷ്ടപ്പെട്ട ഏക പടം.

6.സെല്ലുലോയ്ഡ്‌

                        കമല്‍ സാര്‍ അവാര്‍ഡ്‌ വാങ്ങാന്‍ വേണ്ടി മാത്രം പിടിച്ച സിനിമ. മോശം ഒന്നും ഇല്ല. പക്ഷെ ഇനീം ഒരുപാട് നന്നാക്കാമായിരുന്നു. പൃഥ്വിരാജ് എന്ന ഒരു നടന്‍റെ ഒരു അഞ്ചാറു ഭാവങ്ങള്‍ എങ്കിലും പുറത്തുകൊണ്ടു വരാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്‌.

7.കൌബോയ്

                          അസിഫ് അലി അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആവും എന്ന് ആകെക്കൂടി ഒരു പതിനഞ്ച് പേര് പറഞ്ഞതോണ്ട് പോയി കണ്ടേക്കാം എന്ന് കരുതിയ പടം. പുതിയ കൊറേ തെറികള്‍ പഠിക്കാന്‍ പറ്റി എന്നതാണ് ഈ സിനിമ തിയേറ്ററില്‍ പോയി കണ്ടത് കൊണ്ട് കിട്ടിയ ഗുണം. സീഡി വെറുതെ തരാം എന്ന് പറഞ്ഞ് കൊറേ പേര്‍ ഈ സിനിമ കാണാന്‍ നിങ്ങളെ നിര്‍ബന്ധിച്ചേക്കും, വഴങ്ങിയാല്‍ ജീവിതം ഗുദാ ഹുവാ!!

അസിഫ് അലി ഇന്‍ കൌബോയ് (മുന്നില്‍ നിന്നും ആദ്യം നില്‍ക്കുന്നു)

 8. 10:30 AM Local Call

                      നല്ലൊരു കിടിലം സ്ക്രിപ്റ്റ് കൊണ്ടുപോയി നശിപ്പിച്ചു എന്ന് പറഞ്ഞാല്‍ അത് ഇതാണ്. ഒന്നും പറയാനില്ല. വാരാനുള്ളത്  വഴീല്‍ തങ്ങില്ല!

9.ഷട്ടര്‍

                      നല്ല കിടിലം ത്രില്ലര്‍. സൂപ്പര്‍ സ്റ്റാര്‍ പരിവേഷം ഒന്നും ഇല്ലാതെ വിജയിപ്പിച്ച സിനിമ. മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ ജോയ് മാത്യുവിന് തന്നെ. പക്ഷെ അതിനു സ്റ്റേറ്റ് അവാര്‍ഡ്‌ ഒക്കെ തരണം എന്ന് പറഞ്ഞാല്‍ അതങ്ങ് പള്ളീല്‍ ചെന്ന് പറഞ്ഞാ മതി. ഇനീം നല്ല സില്‍മ പിടിച്ചോണ്ട് വാ അപ്പത്തരാം അവാര്‍ഡ്‌.

10. ആമേന്‍

                    ഓരോ പടവുംവ്യത്യസ്തമാവണം എന്ന് പിടിവാശി ഉള്ള ലിജോജോസിന്‍റെ പടം. ഇഷ്ടപ്പെട്ടു. പലതും പറയാതെ പറഞ്ഞു. മലയാളി ഇതുവരെ കാണാത്ത തരം മേയ്ക്കിംഗ് ആവാം കൂടുതല്‍ പേരെയുംഈ സിനിമയിലേക്ക് അടുപ്പിച്ചത്.

11. ഇമ്മാനുവല്‍

                         മമ്മൂക്കയ്ക്ക് ഈ  വര്‍ഷം ആശ്വസിക്കാന്‍ ഏക വകയുള്ള സിനിമ ഇമ്മാനുവല്‍ ആണെന്ന് തോന്നുന്നു. എവിടുന്നു കോപി അടിച്ച പടം ആണേലും ലാല്‍ ജോസ് വൃത്തിയായി ചെയ്തിട്ടുണ്ട്. ബോറടിപ്പിക്കാതെ നല്ല സന്ദേശം തന്ന് അവസാനിപ്പിച്ചു. നന്മ പടം.

12. സൗണ്ട് തോമ

വില്ലനുമായി മല്‍പ്പിടിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദിലീപ്

                      തിയേറ്ററില്‍ കപ്പ വറുത്തത് എത്രത്തോളം മാധുര്യമേറിയതാണെന്ന് കാണിച്ച് തന്ന സിനിമ. ഒരിക്കലും മറക്കില്ല ഈ പടം. ക്ലൈമാക്സിലെ ഫൈറ്റ് സീന്‍ കണ്ടു ചിരിക്കാത്തവര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണണം. കാരണം സിഗരറ്റ് വലിച്ച് ശ്വാസകോശത്തില്‍ കറ അടിഞ്ഞു കൂടാതെ തന്നെ നിങ്ങക്ക് എന്തോ വല്ല്യ രോഗം പിടി പെട്ടിട്ടുണ്ട്.

13.മുംബൈ പോലിസ്

                       ഈ വര്ഷം ഏറ്റോം ഇഷ്ടപ്പെട്ട സിനിമയാണ്. മലയാളി ഇന്നേ വരെ കാണാത്ത ഗേ കോണ്‍സെപ്റ്റ് സധൈര്യം ഏറ്റെടുത്ത് അഭിനയിച്ചു കാണിച്ച രാജുമോനും കിടുക്കന്‍ ത്രില്ലര്‍ എഴുതിയ ബോബി സഞ്ചയ്‌ ടീമിനും കുഡോസ്‌!!

14.നേരം

                  എത്ര നേരം കൊണ്ടാണ് കണ്ടു തീര്‍ത്തത് എന്നോര്‍ക്കുന്നില്ല. പഠിച്ച എല്ലാടെക്നികള്‍ കാര്യങ്ങളും ഒരു സിനിമയിലോട്ട് ഒരു കാര്യവും ഇല്ലാതെ കുത്തിക്കയറ്റിയാല്‍ നേരം എന്ന സിനിമ ജനിക്കും.

15. ഹണി ബീ

                        നല്ല ഊള പടം ആണ്. കാറിനെ ഓട്ടോറിക്ഷ വെച്ച് ഓടിച്ച് തോല്‍പ്പികുന്നതൊക്കെ പോട്ടെ… ആ ഓട്ടോയില്‍ ഇരുന്ന് കഞ്ചാവ് സെറ്റ് ചെയ്യുക എന്നൊക്കെ പറയുമ്പോ…എന്താല്ലേ…?? ആസിഫ് അലി സാര്‍,യു ആര്‍ മൈ ഹീറോ!!!

16.ABCD

                       ചായ കുടിക്കുമ്പോഴും ചോറ് തിന്നുമ്പോഴും ഒക്കെ കാണാന്‍ പറ്റിയ പടം. എന്റര്‍ടെയ്ന്‍മെന്‍റ് മാത്രം. വേറൊന്നും പ്രതീക്ഷിക്കരുത്.

17.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

                       ഈ വര്‍ഷം ഇറങ്ങിയ മികച്ച മറ്റൊരു പടം. മുരളിഗോപിയുടെ എഴുത്തിനെ സപ്പോര്‍ട്ട് ചെയ്തും എതിര്‍ത്തും പലരും എഴുതുകയുണ്ടായി. അത് തന്നെ ആണല്ലോ എഴുത്തുകാരന്‍ എന്ന നിലയില്‍ ഒരു വിജയി എന്ന് പറയുന്നതും. ഇരു വിഭാഗത്തെയും താങ്ങാന്‍ നില്‍ക്കാതെ സ്വതന്ത്രമായ ആശയാവിഷ്കരണം. കൂടെ അരുണ്‍ കുമാര്‍ അരവിന്ദിന്റെ മികച്ച എഡിറ്റ്‌കട്ടുകളും. ഇന്ദ്രജിത്തിന്‍റെ അമ്മ ആയി വന്ന അവരും പിന്നെ പിണറായി സഖാവിനെ (ആണെന്ന് തോന്നി) അനുകരിച്ച ആ കലാകാരനും കൊള്ളാം.

18. 5സുന്ദരികള്‍

                         മൂന്നു സുന്ദരികള്‍ കാണാന്‍ നല്ലതായിരുന്നു. രണ്ടു പേര് വെറുപ്പിച്ചു. അമല്‍ നീരദ് കത്തിച്ചു. ഷൈജു ഖാലിദിനെ കുറെ പേര്‍ ഒക്കെ അറിയാന്‍ തുടങ്ങി. സംവിധായകരുടെ കൂട്ടായ്മ എന്തായാലും മോശമാക്കിയില്ല.

19. മെമ്മറീസ്

                              ജീത്തു ജോസഫ് എന്ന സംവിധായകന് എന്തൊക്കെയോ അറിയാം എന്ന് കാണിച്ചു തന്ന പടം. ലോജിക് പരമായി ചെറിയ അപാകതകള്‍ ഒക്കെ മുങ്ങല്‍ വിധഗ്ദ്ധര്‍ക്ക് കണ്ടു പിടിക്കാം എങ്കിലും ത്രില്ലെര്‍ ക്യാറ്റഗറിയിലേക്ക് ഒരു വിജയിച്ച മലയാളം പടം കൂടി. വീണ്ടും രാജുമോന്‍ റോക്കി.

20. കളിമണ്ണ്‍

                            ബ്ലെസ്സി, നല്ല ബഹുമാനം ഉള്ള സംവിധായകന്‍ ആയിരുന്നു. സാരമില്ല ഒരു തവണത്തേക്ക് ക്ഷമിച്ചേക്കാം. അനാവശ്യ കോലാഹലം ഉണ്ടാക്കിയ ഓവര്‍ റേറ്റഡ് സിനിമ.

             നോര്‍ത്ത് 24 കാതം,തിര,ഏഴു സുന്ദര രാത്രികള്‍, വെടിവഴിപാട് എന്നീ സിനിമകള്‍ കൂടെ നല്ലത് എന്ന വിഭാഗത്തില്‍ പെടുത്താം. ഓരോ സിനിമയും വ്യത്യസ്ഥ ആശയങ്ങളും മേയ്ക്കിംഗും ആണ്. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമ എനിക്കത്ത്രക്ക് ഇഷ്ടപ്പെട്ടില്ല. ഇനി എല്ലാരും നിര്‍ബന്ധിക്കുകയാണേല്‍ ഇഷ്ടപ്പെടാം…

Leave a Reply