Review- നാടോടി മന്നന്‍

Malayalam Movie Review : നാടോടി മന്നന്‍

(by, Anandu M Das, ECE 2010-14)

ഇന്നലെ ദിലീപ് നായകനായ നാടോടി മന്നന്‍ എന്നൊരു സിനിമ കാണാന്‍ സാധിച്ചു. അതിശയം എന്നിരിക്കട്ടെ പഴമയിലേക്ക് ഒരു തിരിച്ചു പോക്കായിരുന്നു ആ സിനിമ. ഒരു തൊണ്ണൂറുകളില്‍ എത്തിയ പ്രതീതി.

കെട്ടുപ്രായം കഴിഞ്ഞു നിക്കുന്ന അമ്മ,വാര്‍ദ്ധക്യം എത്തിയ അനുജത്തി അങ്ങനെ ആകെക്കൂടെ ദുരന്തമായ കുടുംബത്തിലെ സന്തതി ആണ് ദിലീപ്. കൂലിക്ക് രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ജയ് വിളിച്ചും തിയേറ്ററില്‍ കൂലിക്ക് കൂവിയും ആണ് അദ്ദേഹം കുടുംബം പോറ്റുന്നത്. അങ്ങനെ ഇരിക്കെ പെട്ടെന്ന് ഏതാണ്ട് ഒരു രണ്ടാഴ്ച്ച കൊണ്ട് പുള്ളി കൊച്ചി മേയര്‍ ആവും. ലോ പോയിന്‍റ്സ് ഒക്കെ അണുവിടാതെ പറയും മാരക ഭരണം കാഴ്ച വെക്കും. ഇത്രേം ലോ പോയിന്‍റ്സ് അറിയുന്ന ആള്‍ എന്തോണ്ട് പിന്നെ വക്കീല് പണിക്ക് പോയില്ല എന്ന ചോദ്യം പ്രസക്തമല്ല. മാത്രവുമല്ല പുള്ളി ടൌണില്‍ വഴിയോരത്ത് മൂത്രം ഒഴിക്കുന്ന ആള്‍ക്കാരെ ഒക്കെ തിരഞ്ഞു പിടിച്ച് പിന്തിരിപ്പിക്കും, സിറ്റി ക്ലീന്‍ ചെയ്യാന്‍ തൂപ്പുകാരിയെ പഠിപ്പിക്കും അങ്ങനെ പലതും.

കല്യാണ വീഡിയോ പിടിക്കുന്ന ക്യാമറ വച്ചാണ് സിനിമ ഷൂട്ട്‌ ചെയ്തിരിക്കുന്നത്. എങ്കിലും പതിവ് ദിലീപ് സിനിമകള്‍ പോലെ തന്നെ ഏറെ കോമഡി നിറഞ്ഞ സിനിമയാണ് ഇതും. എനിക്കേറ്റോം ഇഷ്ടപ്പെട്ട കോമഡി സീന്‍ ദിലീപിന്‍റെ അമ്മ ലോറി ഇടിച്ചു മരിക്കുന്ന സീന്‍ ആണ്. ദിലീപും(ഐ മീന്‍ ക്യാരക്ടര്‍) അമ്മേം കാറില്‍ സഞ്ചരിക്കുമ്പോ വില്ലന്‍ ഒരു ലോറി ഓടിച്ചോണ്ട് വന്ന് കാറില്‍ ഒറ്റ ഇടിയാ… ഇടിയുടെ ഊക്കില്‍ കാറ് പറന്ന് ഒരു പത്തടി അകലെ മാറി റോഡില്‍ തന്നെ ലാന്‍ഡ്‌ ചെയ്യും. എന്നിട്ട് അത് റോട്ടില്‍ കിടന്ന് ഒരു മൂന്ന്‍ റൗണ്ട് കറങ്ങും (അതെ.. മൂന്നെന്നെ ആണെന്നാ എന്‍റെ ഓര്‍മ  ). അത് ക്യാമറ മോളില്‍ വെച്ചാണ് കാണിക്കുന്നത്.പമ്പരം കറങ്ങുന്ന പോലെ… എന്നിട്ട് ആ കാറ് അടുത്തുള്ള ഒരു മൈല്‍ക്കുറ്റിക്ക് ഇടിക്കും. അപ്പൊ ദിലീപേട്ടന്റെ അമ്മ കാറില്‍ നിന്ന് ഡോര്‍ ഒക്കെ തള്ളിത്തുറന്ന് താഴേക്ക് വീഴും.തല മൈല്‍കുറ്റിക്ക് ഇടിച്ച്, വാട്ടര്‍ ബലൂണ്‍ പൊട്ടി വെള്ളം വരുമ്പോലെ ചോര വന്ന് സ്ക്രീനിലേക്ക് തെറിക്കും.. അന്യായ കോമഡി ആണ്. മനസ്സറിഞ്ഞു ചിരിച്ചു. അടുത്തുള്ളവന് പക്ഷെ അത് കോമഡി സീന്‍ ആണെന്ന് മനസ്സിലായില്ല. അവന്‍ സീര്യസ് ആയി ഇരിക്കുന്നത് കണ്ട്. മണ്ടന്‍ 
സുരാജ് ഒക്കെ സീര്യസ് റോള്‍ ആണ് ചെയ്തിരിക്കുന്നത്.

അനിമേഷന്‍ ആണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. അന്യായ ഗ്രാഫിക്സ് ഉപയോഗിച്ചിട്ടുണ്ട് സിനിമയില്‍. മലയാള ചരിത്രം കണ്ട ഏറ്റവും മികച്ച ഗ്രാഫിക്സ് അവതരണം എന്ന റെക്കോര്‍ഡ് “കാട്ടിലെ കണ്ണന്‍” എന്ന പരമ്പരയില്‍ നിന്നും നാടോടി മന്നന്‍ ഏറ്റു വാങ്ങുന്ന കാഴ്ചയാണ് ക്ലൈമാക്സ് സീനുകള്‍ സൂചിപ്പിക്കുന്നത്. കൊച്ചി നഗരത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ്‌ മാള്‍ ആയ “പുഷ്പം ” മാള്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ പ്രമാണിച്ച് പൊളിച്ചു മാറ്റുന്ന ഒരു സീന്‍ ഉണ്ട്. വികസിത രാജ്യങ്ങള്‍ മാത്രം പ്രയോഗിച്ചിട്ടുള്ള ജര്‍മ്മന്‍ ടെക്നോളജി ആയ “കണ്ട്രോള്‍ഡ് ഡെമോളിഷന്‍” വച്ചാണ് ഈ പൊളിക്കല്‍ പ്രക്രിയ പ്ലാന്‍ ചെയ്യുന്നത്. കെട്ടിടത്തിന്‍റെ മുക്കിലും മൂലേലും ഒക്കെ കൊറേ പേര് വന്ന് ബോംബ്‌ ഒക്കെ വെക്കും. എന്നിട്ട് പുറത്ത് ചില്ലിട്ട കൂട്ടിനകത്ത്‌ ഇരിക്കുന്ന ഒരാള്‍ കമ്പ്യൂട്ടറില്‍ VLC മീഡിയ പ്ലെയര്‍ പോലെ തോന്നിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ വെച്ച് എന്തൊക്കെയോ ഞെക്കിക്കളിക്കും. അപ്പൊ “അകറ്റിവേറ്റിംഗ് ബോംബ്‌” , “ബ്ലാസ്റ്റിംഗ്” എന്നൊക്കെ എഴുതിക്കാണിച്ച് കൌണ്ട് ഡൌണ്‍ തുടങ്ങും.

അപ്പോഴാണ്‌ രസം! തിരുമനസ്സിനെ വില്ലന്മാര്‍ കൊണ്ട്പോയി ഈ പൊട്ടാന്‍ കിടക്കുന്ന ബില്‍ഡിങ്ങിന്‍റെ മോളില്‍ ഉള്ള ഒരു റൂമില്‍ പൂട്ടി ഇട്ടിട്ടുണ്ടാവും. വില്ലന്മാര്‍ ആ റൂമില്‍ നിന്ന് ദിലീപെട്ടനെ ഫോണില്‍ വിളിച്ച് കാര്യം പറയും. ദിലീപേട്ടന്‍ ഓടിക്കയറി വില്ലന്മാരെ ഒക്കെ അടിച്ചിട്ട് രാജാവിനെ രക്ഷിച്ച് താഴെ എത്തുമ്പോഴേക്കും ബ്ലാസ്റ്റ് നടക്കും. നാല് പാടും പുകയും തീയും കല്ലും ഒക്കെ തെറിക്കുമ്പോ ദിലീപേട്ടനും രാജാവും കൂടെ അമ്പലത്തില്‍ പോയി വരുന്ന ലാഘവത്തോടെ അതിലൂടെ നടന്നു വന്ന് ചില്ലുകൂട്ടില്‍ കയറും. ശുഭം!!

നഴ്സറി കുട്ടികള്‍ ഉള്ള അമ്മമാര്‍ ഈ സില്‍മ തീര്‍ച്ചയായും കുട്ടികളെ കാണിക്കണം. അവര്‍ക്ക് പറ്റിയ നല്ല ഈണത്തില്‍ ഉള്ള ഒരുപാട് പാട്ടുകള്‍ ഉണ്ട് ഇതില്‍. ആംഗ്യപ്പാട്ടായി ദിലീപേട്ടനും കൂട്ടരും അത് നല്ല പോലെ അവതരിപ്പിച്ചിട്ടുണ്ട്. 

ഇത് റെയ്റ്റ് ചെയ്യാന്‍ മാത്രം ഞാന്‍ ആളല്ല. എന്നാലും ഒരു 9.98463528/10

Leave a Reply