ഒരു എഞ്ചിനീയര്‍ ജിലേബി ഉണ്ടാക്കിയ കഥ

ഒരു എഞ്ചിനീയര്‍ ജിലേബി ഉണ്ടാക്കിയ കഥ

DCF 1.0

ശോഭനമായ ഭാവി സ്വപ്നം കണ്ടു എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയ കേരളത്തിലെ അനേകം യുവാക്കളില്‍ ഒരാളാണ് നായകന്‍ . b tech എന്നാ സാധനം മുഴുവന്‍ അങ്ങ് കയ്യിലോട്ട് കിട്ടീല എങ്കിലും അവന്‍റെ കോഴ്സ് കഴിഞ്ഞെന്നും, അവന്‍ എഞ്ചിനീയര്‍ ആണെന്നും MG university പറയുന്നു.

കിട്ടാത്ത ജോലിയെപ്പറ്റി ആഗോള സാമ്പത്തിക മാന്ദ്യത്തെ ഒക്കെ കുറ്റം പറഞ്ഞ്‌…ചാറ്റ് ചെയ്യാന്‍ ഗേള്‍ ഫ്രണ്ടും ചായ കുടിക്കാന്‍ കാശുമില്ലാതെ…. ഒരു പണീം ഇല്ലാതെ തെണ്ടി നടക്കുന്ന കാലം.

അങ്ങനെയിരിക്കെ ഒരു തണുത്ത സായഹ്നം ..ടൌണിലെ ഒരു കോണില്‍ ഒരു തട്ട് വണ്ടിയില്‍ ശര്‍ക്കരയില്‍ മുങ്ങി നില്‍ക്കുന്ന ഒരു കൂട്ടം ജിലേബി കുട്ടികള്‍ അവന്‍റെ കണ്ണില്‍ പെട്ടു. പടിപിസ്റ്റ് പിള്ളേര്‍ സീരീസ്‌ പേപ്പര്‍ കണ്ടപോലെ അവന്‍ അങ്ങോട്ട്‌ പാഞ്ഞു . രൂപയുടെ മൂല്യം അവന്‍റെ മാര്‍ക്ക്‌ പോലെ താഴോട്ടു പോക്ക് തുടരുന്നതിനാല്‍ അരക്കിലോ തികച്ചു വാങ്ങാന്‍ പറ്റീല. ഏതായാലും തിരിച്ചു വണ്ടി കേറും മുന്‍പ് തന്നെ അതില്‍ ചില ജിലേബികള്‍ അവന്‍ വയറ്റിലാക്കി . ഭക്ഷണം ജന്മനാ അവനു ഒരു വീക്നെസ് ആയിരുന്നു .പ്രത്യേകിച്ച് മധുരം.

മണിക്കൂറുകള്‍ ഒരു നാണവും ഇല്ലാതെ പതിവ് പോലെ പോയി .ജിലേബി കവറില്‍ ശര്‍ക്കരയുടെ അംശം മാത്രം ബാക്കിയായി … അവന്‍റെ ഉള്ളിലെ പാചകക്കാരന്‍ ഉണര്‍ന്നു . ചീത്ത പേരല്ലാതെ കാര്യമായി ഒന്നും ഉണ്ടാക്കിയ പരിചയം അവനില്ല , എന്നാലും സപ്ളികളും റീടെസ്റ്റ്‌കളും ഒക്കെ എഴുതി അവനു ആത്മവിശ്വാസം മാത്രം കോട്ടപ്പടി  ഉണ്ടായിരുന്നു . അതുകൊണ്ട് അദികം ചിന്തിക്കാതെ അവന്‍ ആ വെല്ലുവിളി ഏറ്റെടുത്തു .

ജിലേബി ഉണ്ടാക്കുക.

ഇനി റെസിപീ വേണം ….ടെക്നോളജിയില്‍ ബിരുദം എടുത്ത താന്‍ പ്രൈമറി സ്കൂളില്‍ കണക്കു പഠിപ്പിക്കുന്ന അമ്മയെ സമീപിക്കുന്നതിനെ പറ്റി അവനു ചിന്തിക്കാന്‍ പോലും പറ്റില്ലാരുന്നു . അതിനാല്‍ അവന്‍ ഗൂഗിള്‍ നെ സമീപിച്ചു . എല്ലാം അറിയുന്നവന്‍ ഗൂഗിള്‍ എന്നാണല്ലോ.

സ്മാര്‍ട്ട്‌ ഫോണുകള്‍ അരങ്ങു വാഴുന്ന ഈ കാലത്ത് ആ വഴിക്കും ഒരു തിരച്ചില്‍ നടത്തി അവന്‍ ഒരു ആപ്പ് ഒപ്പിച്ചു . അപ്പനെ കണ്ടുപിടിക്കാനും ആപ്പുള്ള  കാലമല്ലേ … ഒരുപാട് റെസിപീകള്‍ ഉള്ള ആ ആപ്പില്‍ നിന്ന് അവന്‍ 3 ജിലേബി കഥകള്‍ തപ്പി എടുത്തു. പക്ഷെ അവയില്‍ ഒന്നും അവന്‍ അന്വേഷിച്ച ആ ശര്‍ക്കര ജിലേബി ഉണ്ടായിരുന്നില്ല .

പഠിച്ച എസ്സേ ചോദിചില്ലേല്‍ അറിയാവുന്നതും ഗാസും അടിച്ചു നല്ല പരിചയം ഉള്ളത് കൊണ്ട് അവിടെയും അവന്‍ കീഴടങ്ങിയില്ല . 3ല്‍ ഒരെണ്ണം എടുത്തു …അതിലെ പഞ്ചസാര ലായനിക്ക് പകരം ശര്‍ക്കര പാനി വെച്ച് വായിച്ചു നോക്കി . കൊള്ളാം. ഇനി പനി൯ തുടങ്ങാം

ആപ് പ്രകാരം ഉഴുന്നിലാണ് കളി. പിച്ചക്കാര്‍ക്ക്‌ കൊടുക്കാന്‍ വച്ചിരുന്ന ചില്ലറ കയ്യിട്ടു വാരി അവന്‍ ഉഴുന്ന് വാങ്ങി. ഇനി അത് അരക്കണം . ……..അരപ്പ് തുടങ്ങി നിമിഷങ്ങള്‍ക്കകം ലാബ്‌ (അടുക്കള ) മുഴുവന്‍ ഉഴുന്ന് തളിച്ചത് പോലായി . അവന്‍റെ മുഖത്തും കയ്യിലും ഒരു ദോശ മാവില്‍ വീണ ഈച്ചയെ പോലെ വെള്ള പൂശി ഉഴുന്ന് അരക്കല്‍ തീര്‍ന്നു . ഒരു സൈഡില്‍ ശര്‍ക്കര പാനി തയാറായി …

എല്ലാ പലഹാരങ്ങളെയും പോലെ തിളച്ച എണ്ണയില്‍ ആണ് ഇതിന്‍റെയും ക്ലൈമാക്സ്‌ . ആപ്പ് കണ്ടുപിടിച്ചവന്‍ പറഞ്ഞത് അനുസരിച്ച് ഒരു തുണി എടുത്തു അതില്‍ ഒരു തുള ഇട്ടു അതിലൂടെ മാവ് എണ്ണയില്‍ വീഴ്ത്തി ആണ് ജിലേബി ഷേപ്പ് ഉണ്ടാക്കെണ്ടത്. അവന്‍ തുണി എടുത്തു . തുള ഇട്ടു , മാവും അതില്‍ ഒഴിച്ചു …പക്ഷെ തിളയ്ക്കുന്ന എന്നാ കണ്ടപ്പോള്‍ തുണി കാലു വാരി . തുള ഒഴികെ മറ്റു പല സ്ഥലത്ത് കൂടെയും മാവ് ചാടി എണ്ണയില്‍ വീണു . എണ്ണയ്ക്ക് അതത്ര രസിച്ചില്ല …അത് പൊട്ടലും ചീറ്റലും തുടങ്ങി . ഫയര്‍ ഫോഴ്സ് നെ വിളിക്കാതെ തന്നെ അവന്‍ സീന്‍ ഹാന്‍ഡില്‍ ചെയ്തു.

തോല്‍വി സമ്മതിക്കാതെ തുള വലുതാക്കി രണ്ടാം വട്ടം . ഇത്തവണ മാവ് വീണു ..പക്ഷെ ഈ തുണി ചുറ്റിച്ചു ജിലേബി ഷേപ്പ് ഉണ്ടാക്കാന്‍ നോക്കി അവന്‍ ചുറ്റിപ്പോയി ….. ആപ് ഉണ്ടാക്കിയവന് എന്ത് കോപ്പ് വേണേലും എഴുതാലോ എന്ന് പിറുപിറുത്തു അവന്‍ വീണ്ടും വീണ്ടും വരച്ചു . എന്നാലും ജിലേബി ഷേപ്പ് ഒപ്പിക്കാന്‍ അവന്‍ ഇന്ന് വരെ പഠിച്ച എഞ്ചിനീയറിംഗ് ഗ്രാഫിക്സ് പോരായിരുന്നു.

ഷേപ്പ് കൊണ്ട് അയല്‍വക്കത്ത്‌ പോലും എത്തീല എങ്കിലും ടേസ്റ്റ്ലും കളര്‍ ലും  ഒത്തു . ജിലേബി പാര്‍ട്സ് എന്നൊക്കെ പറയാവുന്ന ഒരു പലഹാരം പിറന്നു വീണു.

ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ പോക്കിരി പിള്ളേരോട് ഗുസ്തി പിടിച്ചു ക്ഷീണിതരായി അപ്പനും അമ്മയും പതിവുപോലെ വീട്ടില്‍ എത്തി. വിശപ്പ്‌ എന്നത് അതി തീവ്രവും ഭീകരവും ആയ ഒരു വികാരം ആയതു കൊണ്ട് എഞ്ചിനീയര്‍ ഉണ്ടാക്കിയ പ്രോഡക്റ്റ് വേസ്റ്റ് ആയില്ല . ജീവിതത്തില്‍ ഒരിക്കലും ഡയറി എഴുതാത്ത അവന്‍ അന്ന് മാത്രം ഒരു ഡയറി തപ്പി കണ്ടു പിടിച്ചു അതില്‍ ഇങ്ങനെ എഴുതി.

“ ജീവിതത്തില്‍ പല തവണ ജിലേബി കഴിച്ചിട്ടുണ്ടെങ്കിലും ജിലേബി ഒരു അത്ഭുതം ആണെന്ന് തോന്നുന്നത് ഇന്നാണ് “

[ ജിലേബിക്ക് ഷേപ്പ് നല്‍കുന്ന , ഉഴുന്ന് വടയില്‍ തുള ഇടുന്ന , പൊറോട്ടക്കു പല ലെയറുകള്‍ ഉണ്ടാക്കുന്ന അങ്ങനെ പല പല മാജിക്‌ കളും കാണിക്കുന്ന എല്ലാ എഞ്ചിനീയര്‍മാര്‍ക്കും മുന്നില്‍ തോഴുകയ്കളോടെ പ്രണാമം]

Leave a Reply