Singam 2

By, Anandu M Das
Electronics 2010-2014

സിങ്കം 2 കണ്ടു…

സാദാരണ കൊണ്ടുപോകാറുള്ള പ്രതിരോധ ഉപാധികളായ കപ്പ വറുത്തത്,ഐസ്ക്രീം,പൊട്ടറ്റോ ചിപ്സ് തുടങ്ങിയവ ഒന്നും കൂടാതെയാണ് തിയേറ്ററില്‍ കയറിയത്. സൂര്യ ഗര്‍ജിക്കുന്ന പടം ഒക്കെ പുറത്ത് പോസ്റ്റെറില്‍ ഉണ്ടായിരുന്നു.. സിങ്കം ആണെന്ന് കാണിക്കാന്‍ ആവും. വേറെ ഒരു പടത്തില്‍ കൊടുവാള്‍ പിടിച്ച് നിക്കണ ഫോടോ ആയിരുന്ന്.അത് കണ്ടപ്പോ തെങ്ങ് കയറ്റക്കാരന്‍ ആയിട്ടാണോ അണ്ണന്‍ അഭിനയിക്കുന്നത് എന്ന് തോന്നി പോയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. കൊല മാസ് പടം ആയതോണ്ട് ആന്‍ തിയേറ്ററില്‍ ടിക്കെറ്റ് എടുക്കാന്‍ ഒരു പത്തു നാപ്പത് പേരൊക്കെ ഉണ്ടായിരുന്നു.

സില്‍മ തുടങ്ങും മുമ്പ് ഒരു ലോഗോ ഇന്ട്രോടക്ഷന്‍ കാണിക്കുന്നുണ്ട്. കൊറേ വെടിയുണ്ട ഒക്കെ സ്ക്രീനിന്‍റെ നാല് ഭാഗത്ത് നിന്നും പാറി വന്ന് മുഖം പോലെ ഒരു ഷെയ്പ് ഒക്കെ ഉണ്ടായി വരും.അത് ഇപ്പര്‍ത്തെക്ക് തിരിയുമ്പോ സൂര്യെന്റെ മൊഖം പോലെ ആയി വരും. അപ്പൊ എല്ലാരും കയ്യടിച്ചു.

കള്ളക്കടത്ത്കാരനായ ഡാനി എന്ന വില്ലനെ പിടിക്കാന്‍ സൂര്യ വേഷം മാറി എന്‍ സി സി ട്രെയ്നര്‍ ആയി സ്കൂളില്‍ നിന്നുകൊണ്ട് അന്വേഷിക്കുന്നിടത്താണ് സില്‍മ തുടങ്ങുന്നത്.ഒരുവിധം തെളിവൊക്കെ കിട്ടി വരുമ്പോഴേക്കും സുര്യേടെ ശരിക്കും ഉള്ള സര്‍ക്കിളില്‍ പ്രശ്നങ്ങള്‍ കൂടും. അപ്പൊ സൂര്യ ഈ വേഷം ഉപേക്ഷിച് പിന്നേം പോലീസ് ആവാന്‍ പോവും. സ്ലോമോഷനില്‍ ആണ് അപ്പൊ സൂര്യ നടന്നു വരുന്നത്. അത് കാണുമ്പോ മന്തില്ലാത്ത എല്ലാര്‍ടേം കാലിലേം കയ്യിലേം രോമം ഒക്കെ എണീറ്റ്‌ നിക്കും. ഒറപ്പാ!! ഇതിന്‍റെ ഇടക്ക് മൂന്നു പാട്ടും നാല് ഫൈറ്റും മാത്രേ ഉള്ളു… അങ്ങനെ ഫസ്റ്റ് ഹാഫ് തീരും. ഇന്റര്‍വെല്ലില്‍ മറ്റേ ശ്വാസകോശം പിഴിയലും കലാപരിപാടികളും ഒക്കെ ഉണ്ടായിരുന്നു. അത് കണ്ടപ്പോ അടുത്തിരുന്നവര്‍ ഒക്കെ ഓരോ സിഗരെറ്റ്‌ എടുത്ത് വലിക്കാനൊക്കെ തുടങ്ങി… എന്താ ല്ലേ??

സെക്കന്ഡ് ഹാഫില്‍ ആണ് ഗുണ്ടയെ ഒക്കെ ശരിക്കും കാണിക്കുന്നത്. വില്ലനെ കാണാന്‍ നല്ല ഭീകരത ഉണ്ട്. കരടിയെ ഒക്കെ പോലത്തെ ഒരു രൂപം. കുട്ടികളൊക്കെ ആണേല്‍ എന്തായാലും പേടിച്ചു പോകും. അടുത്തിരുന്ന കൂട്ടുകാരന്‍ ചോദിക്കേം ചെയ്തു കരടി ആണോന്ന്. അവനെ കുറ്റം പറയാന്‍ പറ്റില്ല. അനുഷ്കക്ക് പടത്തില്‍ വല്ല്യ സീന്‍ ഇല്ല. കൂടുതലും ഉള്ളത് ഹന്സികയാണ്. ഹന്സികയുടെ സെന്റിയില്‍ ഒക്കെ കരയാതിരിക്കണമെങ്കില്‍ അത്രക്കും കഠിന ഹൃദയന്‍ ആയിരിക്കണം കാണുന്നവന്‍. ഞാ കരയാന്‍ ആയി.മോശമല്ലേ എന്ന് വിചാരിച്ച് അടുത്തുള്ളവനെ നോക്ക്യപ്പോ അവന്‍ തല കുമ്പിട്ട് ഇരിക്കുന്നു… അവന്‍ കരയുക തന്ന്യാ.. എനിക്കുറപ്പാ. ഹന്‍സിക വാസ് ഫാബ്യുലസ്. കഥ പറഞ്ഞ് ഞാന്‍ ത്രില്ല് പോക്കുന്നില്ല.

ഇംഗ്ലീഷ് ഡയലോഗ്സ് പറയുമ്പോ ഒറിജിനാലിറ്റി കിട്ടാന്‍ വേണ്ടി നായകനും വില്ലനും ഒക്കെ വായില്‍ ഉരുളക്കിഴങ്ങ് ഇട്ടിട്ടുണ്ടോ എന്ന് ചിലര്‍ക്കൊക്കെ സംശയം തോന്നും.എന്നാല്‍ ശരിക്കും അങ്ങനെ ഒന്നും ഇല്ല. ഫൈറ്റ് സീന്‍സ് എടുത്തു പറഞ്ഞേ പറ്റൂ..!! സൂര്യ ഗുണ്ടകളെ ഒക്കെ അടിച്ചു പത്തിരി ആക്കി റോഡില്‍ ഒക്കെ ഇടും. അപ്പൊ വീഡിയോ മോളില്‍ നിന്ന് കാണിക്കും.സാമ്പാറില്‍ നോക്കുന്ന പോലെ ഒക്കെ തോന്നും അപ്പൊ. എന്നിട്ട് അണ്ണന്‍ ആ…ആ.. എന്ന് അമറും . അപ്പൊ സൂര്യെടെ മൊഖത്ത്‌ നിന്നും ഒരു സിംഹം ഒക്കെ പുറത്തേക് ചാടി വരും. അപ്പോഴും എനിക്ക് രോമാഞ്ചം വന്ന്. രണ്ടാം പകുതിയില്‍ ഓപറേഷന്‍ ഡി യുടെ ഭാഗമായി ഒരു പാട്ട് ഉണ്ട്. (ഓപറേഷന്‍ ഡി എന്താന്നു ചോദിക്കര്ത്… അത് ട്വിസ്റ്റ്‌ ആണ്) ആ പാട്ടില്‍ സൂര്യയും പോലീസുകാരും ഒക്കെ വെര്‍തെ കൊറേ ആള്‍ക്കാരെ വെടി വച്ച് കൊല്ലേം അറെസ്റ്റ്‌ ചെയ്യേം ഒക്കെ ചെയ്യുന്നുണ്ട്. ഞാന്‍ എല്ലാത്തിനും കയ്യടിച്ചു. അപ്പൊ ഒരുത്തന്‍ ചോദിക്കുവാ “അവരെ ഒക്കെ എന്തിനാ കൊന്നെ, വില്ലനെ അറിയാലോ,അയാളെ മാത്രം പിടിച്ചാ പോരെ? ” എന്ന്. ഇവന്‍ എന്തിനാ അതൊക്കെ നോക്കുന്നത്. കയ്യടിച്ചാ പോരെ.. ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. ഹും!!

ഒരു സമ്പവം എനിക്ക് ഇഷ്ടപ്പെട്ടില്ല. സെക്കന്ഡ് ഹാഫില്‍ ഒരിക്കല്‍ വില്ലനെ സൂര്യ പിടിച്ച് ലോക്കപ്പില്‍ ഇട്ടതാണ്. പക്ഷേ വില്ലന്‍റെ ആള്‍ക്കാര്‍ ഏര്‍പ്പാടാക്കിയത് അനുസരിച്ച് വെള്ള മുണ്ടും ഷര്‍ട്ടും ചോപ്പ് കുറിയും തൊട്ട കൊറേ ഗുണ്ടകള്‍ സൂര്യ ഇല്ലാത്ത തക്കം നോക്കി ടാറ്റ സുമോ ഒക്കെ വിളിച്ച് പോലീസ് സ്റ്റേഷനില്‍ വന്ന് ഏറുപടക്കം ഒക്കെ വച്ച് പോലീസ് സ്റ്റേഷന്‍ പൊട്ടിക്കേം,മറ്റേ വടിവാള് വെച്ച് പോലീസുകാരെ ഒക്കെ വെട്ടിക്കൊല്ലേം ഒക്കെ ചെയ്യും.എന്നിട്ട് വില്ലനെ രക്ഷപ്പെടുത്തിക്കൊണ്ട് പോവും.പാവം സൂര്യ തിരിച്ചു വരുമ്പോ സൂര്യക്ക് ഒരുപാട് ദേഷ്യോം സങ്കടോം ഒക്കെ വരും. 🙁

പാട്ടുകളും ഡയലോഗുകളും ആണ് പടത്തില്‍ എടുത്തു പറയേണ്ട മറ്റൊന്ന്. എല്ലാ പാട്ടുകളും സൂപ്പര്‍ ആണ്. ഡി എസ് പി എന്തായാലും അടുത്ത എ ആര്‍ റഹ്മാന്‍ ആവും. ഇല്ലേല്‍ ഒരു എം ജി ശ്രീകുമാര്‍ എങ്കിലും ആവും.. ഒറപ്പാ. ” സണ്ടേ മണ്ടേ ട്യുസ്ടെ വെനസ്ടെ തെഴ്സ്ടെ ഫ്രൈഡേ സാട്ടര്ടെ ” എന്ന പാട്ട് നഴ്സറി കുട്ടികള്‍ക്കിടയില്‍ ഒരു പുതിയ കമ്പനം സൃഷ്ട്ടിക്കും എന്നുറപ്പാണ്. സിങ്കം ഡാന്‍സ് എന്ന പാട്ട് കേക്കുമ്പോ ഓപ്പ ഗാങ്ങ്നം സ്റ്റൈല്‍ ഒക്കെ മനസ്സില്‍ വരും. ഡയലോഗ്സ് ആണേല്‍ ഒന്നിനൊന്നു കൊല മാസ് ആണ്.

“പോലീസ് എനക്ക് ദൈവം മാതിരി,പോലീസ് സ്റ്റേഷന്‍ എനക്ക് കോവില്‍ മാതിരി” എന്ന ഡയലോഗ് സൂര്യ പറയുമ്പോ എന്തായിരുന്ന് തിയേറ്ററില്‍ പൂരം… കരഘോഷം ആയിരുന്ന് കരഘോഷം…

അതേപോലെ അവസാനം വില്ലനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. “വാട്ട് ഡിഡ് യു സെ..?? യു ആര്‍ ദി കിംഗ്‌ ഓഫ് ഇന്ത്യന്‍ ഓഷ്യന്‍?? ഹാ..?? ഹും… ഇന്ത്യന്‍സ് ആര്‍ ആള്‍വേയ്സ് ദി കിംഗ്‌ ഓഫ് ഇന്ത്യന്‍ ഓഷ്യന്‍.” അതുംകൂടെ കേക്കുമ്പോ എണീറ്റ്‌ നിക്കാത്ത എല്ലാം രോമോം അസ്സംബ്ലി വിളിച്ച പോലെ അറ്റെന്‍ഷന്‍ ആയി എണീറ്റ്‌ നിക്കും… ഇത് ടൈപ്പ് ചെയ്യുമ്പോഴും എന്‍റെ കയ്യിലെ രോമം എണീറ്റ്‌ നിക്കുന്നുണ്ട്. സത്യം!!!

എന്തായാലും പടം സൂപ്പര്‍ ഹിറ്റ്‌ ആണ്. ഞങ്ങള്‍ ഇറങ്ങുമ്പോ പുറത്ത് പടം കാണാന്‍ കാറിലും ബൈക്കിലും ഒക്കെ കുറെ ഭാഗ്യവാന്മാര്‍ വന്നിട്ടുണ്ട് 🙂 . കൊല മാസ് പടം ആണ്!!!! കൂട്ടുകാരന്‍ വല്ല്യ സൂര്യ ഫാന്‍ ആയതോണ്ട് ടിക്കെറ്റിന്റെ കാശില്‍ മുപ്പത് രൂപ അവനാണ് എടുത്തത്. ബാക്കിയേ ഞാന്‍ കൊടുത്തുള്ളൂ.പക്ഷെ മുഴുവന്‍ പൈസയും എനിക്ക് തന്നെ എടുക്കാമായിരുന്നു എന്ന് പിന്നീട് പടം കഴിഞ്ഞപ്പോ തോന്നിപ്പോയി. അത്രക്കും മാസ് പടം!!

എന്‍റെ റെയ്ട്ടിംഗ് : ഒന്നും പറയാനില്ല ____/\____/ 10

എല്ലാരും പോയി കാണണം. ജയ് സൂര്യ!! ജയ് വടിവാള്!! ജയ് ടാറ്റ സുമോ!! ജയ് തമിള്‍ സില്‍മ!! ജയ് ജയ് ജയ്!!

Leave a Reply